കൊച്ചി: കൊച്ചി ചുവപ്പിലേക്ക് ചുവടുവയ്ക്കുകയാണ്. പിങ്ക് ട്രംപറ്റ് പൂക്കള്‍ കൊഴിഞ്ഞു തുടങ്ങി, കൊച്ചി വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രണയദിനത്തില്‍ ജെന്‍സികള്‍ കണ്ണും കണ്ണും നോക്കിയിരിക്കാനില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ രാവിലെ തുടങ്ങുന്ന മാരത്തോണ്‍ ഓട്ടങ്ങളും സംഗീതസാന്ദ്രമാകാന്‍ ഒരുങ്ങുന്ന സന്ധ്യയും ഡിജെ നൈറ്റുമാണ് കൊച്ചിയുടെ ആഘോഷങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍.
എങ്കിലും കൊച്ചിയിലെ വാലന്‍റൈന്‍സ് ആഘോഷം ചെലവേറും. ഹാര്‍ട്ട് ഷെയ്പ്പുള്ള ഡയറി മില്‍ക്ക് സില്‍ക്കിന്‍റെ മധുരം 375 രൂപ കൊടുത്തു തന്നെ വാങ്ങുന്ന നാട്ടില്‍, മാരത്തോണിലും പാര്‍ട്ടികളിലും കോണ്‍സേര്‍ട്ടുകളിലും പങ്കെടുക്കാനും വലിയ ചെലവ് തന്നെ വേണ്ടി വരും. ഹാര്‍ട്ട് ഷെയ്പ്പില്‍ കേക്കുകളടക്കം സജ്ജമാക്കി ബേക്കറികള്‍ ഒരുങ്ങിയിട്ടുണ്ട്.
എന്നാല്‍, ഫെബ്രുവരി 13 പെണ്‍ സൗഹൃദങ്ങള്‍ ആഘോഷിക്കാനായി മാറ്റി വച്ചിട്ടുള്ള ദിനമാണ്. ഗ്യാലന്‍റൈന്‍ ഡേയും കൊച്ചിയില്‍ ആഘോഷിക്കുന്നുണ്ട്. പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ എന്ന ടിവി ഷോയിലൂടെയാണ് ഗ്യാലന്‍റൈന്‍ ഡേ എന്ന ആശയം ജനപ്രിയമാകുന്നത്. സ്‌നേഹം എന്നത് സുഹൃത്ബന്ധം കൂടിയാണെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. കൊച്ചിയില്‍ പെണ്‍ സൗഹൃദങ്ങള്‍ ആഘോഷിക്കാനായി ബ്രിഡ്‌ജെട്ടന്‍ തീം പാര്‍ട്ടികള്‍ നടക്കാറുണ്ട്. ഗേള്‍സ് ഫോര്‍ ഗേള്‍സ് എന്ന കൂട്ടായ്മയുടെ ഭാഗമായാണ് ഈ പരിപാടി നടത്തുന്നത്. കാക്കനാട് നടക്കുന്ന ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാനും എന്‍ട്രന്‍സ് ഫീസ് 1450 രൂപ നല്‍കണം.
ലഹരിക്കെതിരെ നടത്തുന്ന മാരണത്തോണുകള്‍ ഇന്ന് കൊച്ചിയില്‍ സജീവമാണ്. വാലന്‍റൈന്‍സ് ദിനത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍റെ ആഭിമുഖ്യത്തില്‍ ലവ് റണ്‍ എന്ന മാരത്തോണ്‍ നടത്തും. ലഹരിയേക്കാള്‍ പ്രധാന്യം ജീവിതത്തിനാണ് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മാരത്തോണില്‍ പങ്കാളിക്കൊപ്പം പങ്കെടുക്കാം. വിജയിക്കുന്ന കപ്പിള്‍സിന് 10,000 രൂപയാണ് സമ്മാനം, ആദ്യ റണ്ണര്‍ അപ്പിന് 5,000 രൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് 3,000 രൂപയും ലഭിക്കും.
എന്നാല്‍ സിംഗിള്‍ പസങ്കള്‍ക്ക് അതിലും കൂടിയ സമ്മാനമാണ്. മാരത്തോണില്‍ പങ്കെടുക്കുന്ന ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് ഒന്നാം സമ്മാനം 25,000 രൂപയാണ്. ഫസ്റ്റ് റണ്ണര്‍ അപ്പിന് 10,000 വരൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് 5,000 രൂപയുമാണ് സമ്മാനം. പനങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും രാവിലെ ആറിനാണ് ഈ മാരത്തോണ്‍ ആരംഭിക്കുന്നത്. ഇത് കൂടാതെ മറ്റ് മാരത്തോണുകളും കൊച്ചിയില്‍ നടക്കുന്നുണ്ട്.
രാവിലെത്തെ മാരത്തോണിന്‍റെ ക്ഷീണം മാറിയാല്‍ വൈകുന്നേരം പിന്നെ കോണ്‍സേര്‍ട്ടുകളുടെയും പാര്‍ട്ടികളുടെയും വരവാണ്. ആയിരത്തിന് മുകളില്‍ എന്‍ട്രി ഫീസ് നല്‍കി പങ്കെടുക്കാന്‍ ജെന്‍ സികള്‍ ക്യൂവിലാണ്. കെ.എസ്. ഹരിശങ്കറിന്‍റെ കോണ്‍സട്ട് വൈകുന്നേരം ഏഴ് മുതല്‍ ഫോറം മാളില്‍ നടക്കും. നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കോണ്‍സേര്‍ട്ട് ആസ്വദിക്കാം. ലുലു മാളിലും വാലന്‍റൈന്‍സ് ഡേ പരിപാടികള്‍ നടക്കുന്നുണ്ട്. മാത്രമല്ല മാളുകളില്‍ പലതിനും നിരവധി ഓഫറുകളും വച്ചിട്ടുണ്ട്.
കാക്കനാട് സ്‌റ്റോറി ബോക്‌സ് കഫെയില്‍ വൈകുന്നേരം 6.30 മുതല്‍ കരോക്കെ നൈറ്റും കാക്കനാട് വൈബി കഫെയില്‍ 10 മുതല്‍ 12 വരെയും രണ്ട് മുതല്‍ നാല് വരെയും കപ്പിള്‍ വര്‍ക്ക്‌ഷോപ്പും നടക്കുന്നുണ്ട്. ഇതും നേരത്തെ പണമടച്ച് ബുക്ക് ചെയ്യേണ്ടതാണ്. ഇനി ഫ്രീയായി ഒന്നുമില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് അരങ്ങ് ബാന്‍ഡിന്‍റെ മ്യൂസിക്കല്‍ കോണ്‍സേര്‍ട്ടില്‍ പങ്കെടുക്കാം. അതും പാതിരക്കോഴി എന്ന റെസ്‌റ്റോറന്‍റിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. നടന്‍ നീരജ് മാധവ് ആണ് കാക്കനാട് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്യുന്നത്.
ഇന്‍ഫോപാര്‍ക്ക് ഫോര്‍ പോയിന്‍റ്സ് ഷെരാട്ടണിലെ വാലന്‍റൈന്‍സ് ആഘോഷത്തിന്‍റെ ഭാഗമായി ടെക്‌നോ അഫയര്‍ പാര്‍ട്ടിയും നടക്കുന്നുണ്ട്. ഹോളിഡേ ഇന്‍, ഫ്‌ളൈ ഹൈ, ഒലിവ് ഡൗണ്‍ടൗണ്‍ തുടങ്ങിയ റെസ്‌റ്റോറന്‍റുകളിലും വാലന്‍റൈന്‍സ് തീം പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. ഇനി കണ്ണും കണ്ണും നോക്കിയിരുന്ന് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ചേ മതിയാകൂ എന്ന് പറയുന്നവര്‍ക്ക് മണ്‍സൂണ്‍ എംപ്രസ്, ലേ മാരിടൈം, സുല്‍ത്താന്‍ ഗ്രില്‍സ് ആന്‍ഡ് റൈസ് തുടങ്ങി നിരവധി ഹോട്ടലുകളില്‍ കപ്പിള്‍സ് ഓഫറുകളുമുണ്ട്.